കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ പ്രധാനപ്രതി മിഥുന് എടക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി സ്വയം കീഴടങ്ങി. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുന്. നേരത്തെ ബോംബേറില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നില്‍ മിഥുന് കീഴടങ്ങിയത്. ഇന്ന് പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതിയില്‍ റിമാന്‍ഡ് ചെയ്യും. ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്.