സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്സിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ഇരയുടെ പേരിൽ വ്യാജ സത്യവാങ്ങ്മൂലം ഹാജരാക്കിയാണ് സ്റ്റേ സമ്പാദിച്ചത് എന്ന് വ്യക്തമായതോടെയാണ് കോടതി ഇടപെട്ടത്. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായ അഡ്വ സൈബി ജോസ് കിടങ്ങൂർ കോടതിയെ ധരിപ്പിച്ചത്.കൈക്കൂലി ക്കേസിൽ പ്രതിയായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഹാജരായി, അനുകൂല വിധി നേടിയ കേസ്സിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഉണ്ണി മുകുന്ദൻ പ്രതിയായ കേസ്സിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത മുൻ ഉത്തരവാണ് ഹൈക്കോടതി പുന:പരിശോധിച്ചത്. സ്റ്റേ സമ്പാദിക്കുന്നതിനായി ഉണ്ണി മുകുന്ദൻ ഹാജരാക്കിയ സത്യവാങ്ങ്മൂലം വ്യാജമായിരുന്നുവെന്ന് കോടതി കണ്ടെതതി. ഉണ്ണി മുകുന്ദനമായി താൻ ഒത്തുതീർപ്പിലെത്തിയെന്ന് വ്യക്തമാക്കി പരാതിക്കാരി നൽകിയ സത്യവാങ്ങ്മൂലം മുഖവിലക്കെടുത്തായിരുന്നു രണ്ട് വർഷം മുൻപ്പ് ഹൈക്കോടതി വിചാരണ നടപടികൾ സ്‌റ്റേ ചെയ്തത്. എന്നാൽ താൻ അത്തരമൊരു സത്യവാങ്ങ്മൂലം നൽകിയിട്ടില്ലെന്നും അതിലെ ഒപ്പ് തൻ്റേതല്ലെന്നും ഇര ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് മുൻപ് നൽകിയ സ്റ്റേ ഉത്തരവ് ഹൈക്കോടതി നീക്കിയത് . ഇരയുടെ പേരിൽ വ്യാജ സത്യവാങ്ങ്മൂലം ഹാജരാക്കിയത് ഗുരുതരമെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ വിശദീകരണം നൽകാൻ ഉണ്ണി മുകുന്ദന് കോടതി നിർദേശം നൽകി. ഹൈക്കോടതി നൽകിയ സ്റ്റേ ഉത്തരവ് മൂലം ഉണ്ണി മുകുന്ദൻ പ്രതിയായ കേസ്സിൽ രണ്ട് വർഷമായി വിചാരണ തടസ്സപ്പെട്ടിരിക്കുകയായിരുന്നു . സ്റ്റേ നീക്കിയ പശ്ചാത്തലത്തിൽ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇനി നടൻ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണം. സൈബി ജോസ് ഹാജരായ മറ്റൊരു കേസ് കൂടി പുനപരിശോധിക്കപ്പെടുന്നു എന്നതും കേസ്സിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്നും പണം പിരിച്ചെന്ന കേസിൽ പ്രതിയായി നിയമ നടപടി നേരിടുകയാണ് അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ.