മുല്ല പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിച്ചു. മേൽനോട്ട സമിതിയിൽ കേരളം ഉന്നയിച്ച ആവശ്യത്തെ തുടർന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻ്റെ ചിലവിലാണ് മാപിനി സ്ഥാപിക്കുന്നത്. ഡാമിന് പരിസരത്തെ ഭൂകമ്പ സാധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കുന്നതിനായാണ് മാപിനി സ്ഥാപിച്ചത്. കഴിഞ്ഞ ജൂണിൽ ഡൽഹിയിൽ ചേർന്ന മേൽനോട്ട സമിതി യോഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
അണകെട്ടിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പ സാധ്യതയുണ്ട് എന്ന് ചൂണ്ടി കാണിച്ചായിരുന്നു ഇത്. ഈ ആവശ്യം മേൽനോട്ട സമിതി അംഗീകരിച്ചതിനെ തുടർന്ന് സീസ്മോഗ്രാഫ്, ആക്സിലറോഗ്രാഫ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കാൻ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് തയ്യാറാവുകയായിരുന്നു. ഹൈദരാബാദ് നാഷണൽ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. ഇന്നലെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അണക്കെട്ടിൽ സ്ഥാപിക്കുന്നതിനുള്ള ഭൂകമ്പ സെൻസറുകളും അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികളും അണക്കെട്ടിലെത്തിച്ചു. എൻജിആർഐ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ അണക്കെട്ടിൻ്റെ പരിസരത്ത് 3 സ്ഥലങ്ങളിൽ ഭൂകമ്പമാപിനി സ്ഥാപിക്കുകയായിരുന്നു.