അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന് അന്തിമോപചാരം അർപ്പിച്ച് നാട്. വരാപ്പുഴയിലെ വീട്ടിൽ രാവിലെ എത്തിച്ച മൃതദേഹം പുത്തൻപള്ളി പാരീഷ് ഹാളിൽ പൊതുദർശനത്തിന് വച്ചു. സിനിമ സീരിയൽ മേഖലയിലെ നിരവധി സഹപ്രവർത്തകരാണ് സുബിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. രാവിലെ എട്ടുമണിയോടെയാണ് സുബി സുരേഷിന്റെ മൃതദേഹം വരാപ്പുഴയിലെ വീട്ടിൽ എത്തിച്ചത്. പത്തുമണിവരെ രണ്ടു മണിക്കൂറോളം വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും പ്രദേശവാസികളും അടക്കം സുബിക്ക് അതിമോപചാരം അർപ്പിച്ചു. പത്തുമണിക്ക് ശേഷം വരാപ്പുഴ പുത്തൻ പള്ളി പാരിഷ് ഹാളിലേക്ക് മൃതദേഹം പൊതുദർശനത്തിനായി മാറ്റി. സിനിമ സീരിയൽ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേരാണ് സുബിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , ഹൈബി ഈഡൻ എംപി, മുൻ എംഎൽഎ എസ് ശർമ,ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ അടക്കമുള്ള വർ എത്തി. സംവിധായകൻ സിദ്ദിഖ്, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, കോട്ടയം നസീർ, ഷാജു,നടി തെസ്നി ഖാൻ, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങളാണ് എത്തിയത്.