ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി ദുബായ്. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണമാണ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടപ്പാക്കിയത്. ഇതോടെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിജിറ്റല്‍, സ്മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലൂടെയായി. കൂടാതെ ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനവും ആവിഷ്കരിച്ചിട്ടുണ്ട്.
പുതിയ തീരുമാനത്തോടെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള സമയം 75% ലാഭിക്കാനാവും. ഇതിനുള്ള നടപടിക്രമങ്ങള്‍ 12ല്‍ നിന്ന് ഏഴാക്കി കുറയ്ക്കാനും സാധിക്കും. ഇങ്ങനെ ഉപഭോക്താക്കളുടെ സമയവും പ്രയ്തനവും ജീവനക്കാരുടെ ജോലിഭാരവും കുറയ്ക്കാനാവുമെന്ന് ആര്.ടി.എ ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. കോവിഡ് ഭീഷണി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഡ്രൈവിങ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി കുറക്കാനും ആര്‍ടിഎയുടെ സംവിധാനം സഹായിക്കും. ഉപഭോക്തൃ സന്ദര്‍ശനം 53 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.