വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റേതായി പുറത്തെത്തിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേതന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വളരെ കുറഞ്ഞ സമയം കൊണ്ട് യൂട്യൂബില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഗാനം. 17 മണിക്കൂറിനുള്ളില്‍ 18 മില്യണ്‍ വ്യൂ ആണ് സോംഗിന് ലഭിച്ചിരിക്കുന്നത്. സോംഗ് പുറത്തിറക്കി ആദ്യത്തെ 19 മിനുട്ടില്‍ത്തന്നെ ഏഴുലക്ഷത്തിലധികം വ്യൂസ് ലഭിച്ചിരുന്നു.
ട്രെന്‍ഡി ഗാനത്തിന് വന്‍ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. കൊല്ലത്തെ ഒരു തിയേറ്ററില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയാണ് കേരളത്തിലെ വിജയ് ആരാധകര്‍ ബീസ്റ്റിലെ ആദ്യ ഗാനം സ്വീകരിച്ചത്. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രം കൂടിയാണിത്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. മലയാളി താരം ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ വില്ലനായി എത്തുന്നു. സംവിധായകന് ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
ബീസ്റ്റ് ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഒഫീഷ്യല്‍ അന്നൗന്‍സ്മെന്റ് ഇതുവരെ എത്തിയിട്ടില്ല. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്ത മാസം പുറത്തിറക്കിയേക്കും.