ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം ആണെന്ന് ആരാധകരെ അറിയിച്ചു. സോഷ്യൽ മീഡിയയിയിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്. മുഖത്തിന്റെ ഓരോ വശത്തിന്റെയും ചലനത്തെ നിയന്ത്രിക്കുന്ന നാഡിയിൽ വൈറസ് പടരുകയും ബാധിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നത് അടക്കം സംഭവിക്കാം. അടുത്തിടെയാണ് തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തിയതെന്ന് 28 കാരനായ ഗായകന്‍ പറയുന്നു.
“നിങ്ങൾക്ക് എന്റെ മുഖത്ത് നിന്ന് കാണാൻ കഴിയുന്നത് പോലെ, എനിക്ക് റാംസെ ഹണ്ട് സിൻഡ്രോം എന്ന ഈ സിൻഡ്രോം ഉണ്ട്. ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു. ഈ രോഗം വളരെ വേദനാജനകമായ അവസ്ഥയാണെന്ന് പറയപ്പെടുന്നു. ഈ സമയം വിശ്രമിക്കാൻ ഉപയോഗിക്കു൦, ആരോഗ്യ വിവരങ്ങള്‍ നിരന്തരം പങ്കുവയ്ക്കാം.” ബീബർ തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഈ അവസ്ഥ തന്റെ മുഖത്തിന്റെ ഒരു വശം തളർത്തിയെന്നും, ഒരു കണ്ണ് ചിമ്മുന്നതിനും, ചിരിക്കാനും ബുദ്ധിമുട്ടുണ്ടെന്നും താരം പറയുന്നു. ഈ രോഗം കാരണം ബീബറിന് തന്റെ ഷോകൾ പലതും റദ്ദാക്കേണ്ടി വന്നു. എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നതുപോലെ തന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും പരിപാടികള്‍ക്ക് എത്താന്‍ കഴിയാത്തത് എല്ലാവരും മനസിലാക്കണമെന്നും ബീബര്‍ അപേക്ഷിച്ചു. താന്‍ മുഖത്തിനായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആൻറിവൈറൽ തെറാപ്പികളും കോർട്ടികോസ്റ്റീറോയിഡുകളും ഉൾപ്പെടെ നിരവധി ചികിത്സാ രീതികള്‍ ആര്‍എച്ച്സിന് ലഭ്യമാണ് എന്നാണ് വിവരം.