Home Entertainment കാത്തിരിപ്പുകള്‍ അവസാനിക്കുന്നു: ചാക്കോച്ചന്റെ കരിയറിലെ ബിഗ്ബജറ്റ് ചിത്രം, ‘ന്നാ താന്‍ കേസ് കൊട്’ 11 ന്

കാത്തിരിപ്പുകള്‍ അവസാനിക്കുന്നു: ചാക്കോച്ചന്റെ കരിയറിലെ ബിഗ്ബജറ്റ് ചിത്രം, ‘ന്നാ താന്‍ കേസ് കൊട്’ 11 ന്

139
0

ഇരുപത്തിയത്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികളുടെ മനസ്സിലേക്ക് ഒരു ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ച് രംഗപ്രവേശനം ചെയ്ത നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബന്‍. താന്‍ ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളേയും മികവുറ്റതാക്കാന്‍ ഏതറ്റംവരെയും പോകുന്ന അതുല്യപ്രതിഭ. മലയാളത്തിന് എക്കാലത്തെയും പ്രിയപ്പെട്ട മികച്ച സിനിമകള്‍ സമ്മാനിച്ച നായകന്‍. മലയാള സിനിമയുടെ ശൈലി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സിനിമാ ജീവിതമാണ് ചാക്കോച്ചന്റേത്.

ഏറ്റവുമൊടുവില്‍ ഉത്സവപ്പറമ്പിലെ നൃത്തത്തിലൂടെ വീണ്ടും സിനിമാ പ്രേമികളുടെ പ്രശംസകള്‍ക്ക് ഇടംപിടിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ ആണ് ചാക്കോച്ചന്റെ പുതിയ ചിത്രം. നീണ്ട 25 വര്‍ഷത്തെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ. നമ്മുടെ നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശുദ്ധമായ തമാശകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മ്മാതാവ്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് ഓരോ സിനിമയിലൂടെയും തെളിയുന്ന താരമാണ് ചാക്കോച്ചന്‍. കഥാപാത്രങ്ങളിലേക്ക് കൂടുമാറി കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള സിനിമാലോകം കാണുന്നത്. വേട്ട,അഞ്ചാം പാതിര, പട, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെയൊക്കെ ചാക്കോച്ചന്റെ അഭിനയം ഏറെ ശ്രദ്ധയും അഭിനന്ദനവും നേടി. ഒരു കാലഘട്ടത്തില്‍ ചെയ്തിരുന്ന സിനിമകളില്‍ നിന്നും നേരെ വിപരീതമായ സിനിമകളുടെ ഭാഗമാകാനാണ് ചാക്കോച്ചന്‍ ഇപ്പോള്‍ ഏറെയും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സിനിമയാകും ‘ന്നാ താന്‍ കേസ് കൊട്’ എന്നുളളത് ഉറപ്പാണ്.

 

Previous articleബര്‍മുഡാ ചലഞ്ച്, ചോദ്യചിഹ്നംപോലെ’ ചുവടുവയ്ക്കുമോ, ഷെയിന്‍നിഗത്തെയും വിനയ് ഫോര്‍ട്ടിനെയും കാണാം!!
Next articleസസ്‌പെന്‍സുമായി റെഡ് ഷാഡോ