Home Entertainment ഡോണ്‍മാക്സിന്റെ ‘അറ്റ്’ ; റെഡ് വി റാപ്ടര്‍ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രം

ഡോണ്‍മാക്സിന്റെ ‘അറ്റ്’ ; റെഡ് വി റാപ്ടര്‍ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രം

107
0

ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന നേട്ടവുമായി ഡോണ്‍മാക്സിന്റെ പുതിയ ചിത്രം ‘അറ്റ്. പ്രമുഖ എഡിറ്ററായ ഡോണ്‍മാക്‌സ് സംവിധായകന്‍ ആകുന്ന രണ്ടാമത്തെ ചിത്രമായ ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസര്‍ പോയ വാരം പുറത്തിറങ്ങുകയും ഇതിനോടകം നിരവധി പ്രശംസകള്‍ സിനിമ രംഗത്ത് നിന്നുതന്നെ ലഭിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലൂടെ ബോളിവുഡ് സൂപ്പര്‍താരം ജോണ്‍ എബ്രഹാമും ടീസര്‍ പങ്കുവെച്ചിരുന്നു. അന്തരിച്ച മഹാനായ എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ മകനും പുതുമുഖവുമായ ആകാശ് സെന്‍ നായകനാകുന്ന അദ്യ ചിത്രമാണ് അറ്റ്. ജോണ്‍ എബ്രഹാം ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ച സ്റ്റോറിക്ക് താഴെ ‘സച്ചി, ഇത് നിങ്ങള്‍ക്കുവേണ്ടി’ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മ്മിച്ച് നായകനാകുന്നത് ജോണ്‍ എബ്രഹാമാണ്. എച്ച്.ഡി.ആര്‍. ഫോര്‍മാറ്റില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ടീസര്‍ എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്.

അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റെഡ് ഡിജിറ്റല്‍ സിനിമ. വി റാപ്റ്റര്‍ ഒരു അള്‍ട്രാ സ്ലോ മോഷന്‍ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റര്‍ 8ഗ യുടെ വരവ്. ഏറ്റവും വേഗതയേറിയ സ്‌കാന്‍ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷന്‍ ഞ3ഉ റോ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ കഴിയും. മറ്റ് സ്ലോ മോഷന്‍ ക്യാമറകള്‍ 68.1 ബില്യണ്‍ കളര്‍ ഷെയ്ഡുകള്‍ പകര്‍ത്തുമ്പോള്‍ റാപ്റ്ററിന് 281 ട്രില്യണ്‍ ഷെയ്ഡുകള്‍ പകര്‍ത്താന്‍ സാധിക്കും. റെഡ് വി റാപ്ടര്‍ റെസൊല്യൂഷനിലുളള വിസ്ത വിഷന്‍ സെന്‍സര്‍ ആണ് ക്യാമറക്കുള്ളത്. ഇത് ഫുള്‍ ഫ്രെയിം സെന്‍സറിലും വലിപ്പമേറിയതാണ്. ഇന്ത്യയിലാദ്യമായി റെഡ് വി റാപ്റ്റര്‍ ക്യാമറയില്‍ പൂര്‍ണമായി ചിത്രീകരിച്ച സിനിമ എന്ന റെക്കോര്‍ഡും ഇനി അറ്റിന് സ്വന്തം. നെല്‍സണ്‍ സംവിധാനം ചെയ്ത വിജയ് നായകനായ അഭിനയിച്ച ബീസ്റ്റിന്റെ ഏതാനും രംഗങ്ങള്‍ ഷൂട്ട് ചെയ്തത് റെഡ് വി റാപ്റ്റര്‍ വച്ചാണെങ്കിലും ഒരു ഇന്ത്യന്‍ ചിത്രം പൂര്‍ണ്ണമായും ഈ കാമറയില്‍ ഷൂട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം റെഡിന്റെ സഹ ഉടമയും പ്രസിഡന്റുമായ ജാറഡ് ലാന്റ് സ്ഥിരീകരിക്കുകയും ടീസര്‍ നിലവാരം കണ്ട് അറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനിമ ടെക്‌നോളജി സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനമായ ‘ഡെയര്‍ പിക്‌ചേഴ്‌സ്’ ഉടമ ധീരജ് പള്ളിയിലിന് ജാറഡ് ലാന്‍ഡ് സമ്മാനിച്ച ‘റെഡ് വി റാപ്റ്റര്‍’ കാമറയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഇന്റര്‍നെറ്റ് ലോകത്തെ ചതികുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്വര്‍ക്കുകളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍മാക്‌സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.

ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സച്ചിയുടെ ആത്മമിത്രം കൂടിയായ പ്രഥ്വിരാജ് സുകുമാരന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തില്‍ ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നത്. എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ഒരുക്കിയത്. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ ന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഹുമര്‍ എഴിലനും ഷാജഹാനുമാണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.

പ്രൊജക്റ്റ് ഡിസൈന്‍: ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ആര്‍ട്ട്: അരുണ്‍ മോഹനന്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷന്‍: കനല്‍ക്കണ്ണന്‍, ചീഫ് അസോസിയേറ്റ്: മനീഷ് ഭാര്‍ഗവന്‍, ക്രീയേറ്റീവ് ഡയറക്ഷന്‍: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് ആര്‍ നായര്‍, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

 

Previous articleസുരക്ഷയുടെ പേരില്‍ റുത്ത മാസ്‌ക് ധരിക്കുന്നവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെ തടയില്ല; ഡി ജി പി
Next articleപൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല; മന്ത്രി വി ശിവന്‍കുട്ടി