Home Entertainment നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല; ലിനുവിന്റെ പ്രസ്താവനയ്ക്കെതിരെ അല്‍ഫോണ്‍സ്...

നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല; ലിനുവിന്റെ പ്രസ്താവനയ്ക്കെതിരെ അല്‍ഫോണ്‍സ് ജോസഫ്

98
0
തിരുവനന്തപുരം : നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്.
നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ലെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.  നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ലിനുലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കമന്റായാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘ഞാന്‍ നഞ്ചിയമ്മയ്‌ക്കൊപ്പമാണ്. ദേശീയ പുരസ്‌കാര സമിതി കാണിച്ച മഹത്തായ ഈ മാതൃകയില്‍ ഞാനവരെ പിന്തുണയ്ക്കുന്നു. കാരണം പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കില്‍ ഞാന്‍ പഠിക്കാന്‍ തയ്യാറല്ല. വര്‍ഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നല്‍കിയെന്നതാണ് കാര്യം. ഇതാണ് എന്റെ അഭിപ്രായം.’- അല്‍ഫോണ്‍സ് ജോസഫ് കുറിച്ചു.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ലിനു ഫേസ്ബുക്ക് വിഡിയോയിലൂടെ അവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം, ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേ എന്നായിരുന്നു ലിനുവിന്റെ ചോദ്യം.
Previous articleഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി 
Next articleമെഡല്‍ നേടിയതില്‍ അതിയായ സന്തോഷം, അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുമെന്ന് നീരജ് ചോപ്ര