നടന് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. രക്ഷാബന്ധന് എന്ന അക്ഷയ് കുമാറിന്റെ പുതിയ സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ മലയാളി ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റ് ആക്കിയിട്ടുള്ള താങ്കള്‍ എന്നാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് തനിക്ക് മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം അക്ഷയ് കുമാര്‍ പ്രകടിപ്പിച്ചത്.
തനിക്ക് മലയാളസിനിമയില്‍ അഭിനയിക്കാന്‍ സന്തോഷമേ ഉള്ളൂവെന്നും അക്ഷയ് കുമാര്‍ അറിയിച്ചു. പക്ഷേ, മലയാളം സംസാരിക്കാന്‍ തനിക്ക് അറിയാത്തതാണ് ഒരു പ്രശ്നമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായിത്തന്നെ കരുതും.’ ഇതായിരുന്നു അക്ഷയ് കുമാറിന്റെ വാക്കുകള്‍.