സൗബിന് ഷാഹിര്‍, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം കള്ളന് ഡിസൂസ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിലെ കഥാപാത്രം സംബന്ധിച്ച വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ നായിക സുരഭി ലക്ഷ്മി. ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സുരഭിലക്ഷ്മി ലൈവില്‍ എത്തിയത്.
ജിത്തു കെ ജയന് സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമായ ‘കള്ളന് ഡിസൂസ’ നല്ലവനായ കള്ളന്റെ കഥയാണ് പറയുന്നത്. നേരത്തേ പുറത്തിറങ്ങിയ മാര്ട്ടിന് പ്രക്കാട്ട് ചിത്രം ചാര്‍ളിയിലെ സൗബിന് അവതരിപ്പിച്ച കഥാപാത്രം കള്ളന് ഡിസൂസയാണ് ഈ ക്യാരക്ടറെന്ന തെറ്റിദ്ധാരണ പരുത്തുന്ന പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തിയ സാഹചര്യത്തിലാണ് താരത്തിന്റെ വിശദീകരണം.
എന്നാല്‍ മുഴുനീള കോമഡി ചിത്രം എന്നതിലുപരി ഒരു സാധാരണ സ്ത്രീയുടെയും കള്ളന്റെയും ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ‘കള്ളന് ഡിസൂസ എന്ന് താരം വിശദമാക്കി. കുടുംബത്തിലും സമൂഹത്തിലും അബലയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സ്ത്രീയുടെ ശക്തമായ തിരിച്ചു വരവിനെയാണ് സംവിധായകന് ഈ ചിത്രത്തിലൂടെ വരച്ചു കാണിക്കുന്നത്.
‘അരക്കള്ളന്‍ മുക്കാ കള്ളന്’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിര്‍ദ്ദേശിച്ച പേര് എങ്കിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് ‘കള്ളന് ഡിസൂസ’ എന്ന പേരിലേക്ക് അവസാനം ചെന്നെത്തിയത്. അങ്ങനെ ഒരു പേരായിരുന്നു ചിത്രത്തിനെങ്കില്‍ ഇപ്പോള്‍ വരുന്ന നെഗറ്റീവ് കമെന്റുകള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കാന്‍ സാധ്യതയുള്ള കള്ളന്റെ മികച്ചൊരു കുടുംബ കഥയാണ് ‘കള്ളന് ഡിസൂസ’. ഒരു വലിയ ചിത്രമെന്നോ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആക്ഷനോ സസ്പെന്‍സോ ഒന്നും തന്നെ ഉണ്ടെന്ന അവകശവാദം ഇല്ലാതെ വന്ന ‘കള്ളന് ഡിസൂസ’ ഒരു പക്കാ സ്ത്രീ ശാക്തീകരണം തന്നെയാണ് പറയുന്നത്.
ഈ സാഹചര്യത്തിലും ഇത്തരം നെഗറ്റീവ് കമെന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് സുരഭി ലൈവില്‍ ല്‍ പറയുന്നു. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഹരീഷ് കണാരന്, വിജയ രാഘവന്, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.
അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്ട്രോളര്: എന്‍ എം ബാദുഷ, പി.ആര്.ഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.