27ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 184 ചലച്ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും… ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് നൽകും… ദാര്‍ദന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് മേളയുടെ ഉദ്ഘാടന ചിത്രം. ലോകത്തെ അടുത്തറിയുന്ന തിര കാഴ്ചകൾക്ക് ഡിസംബർ 9ന് അനന്തപുരിയിൽ തിരശ്ശീല ഉയരും. 16 വരെ നീണ്ടുനിൽക്കുന്ന 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ 70 രാജ്യങ്ങളില്‍ നിന്നുള്ള 184 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.തുടർന്ന് ദാര്‍ദന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം കൂടിയാണിത്. അന്താരാഷ്ട്ര മല്സരവിഭാഗത്തില് 14 സിനിമകളും, മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ഉം, ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രേക്ഷകർക്ക് മുന്നിലെത്തും. ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് നൽകും. ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ സംവിധായകന് കൂടിയാണ് ബേല. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇത്തവണ ഇറാനിയന്‍ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. ക്യാമറയെ സമരായുധമാക്കി മാറ്റി, അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കാൻ ഏര്‍പ്പെടുത്തിയ അവാർഡാണിത്.