‘ഓപ്പറേഷൻ ജാവ’ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക എന്ന ചിത്രം ഡിസംബർ രണ്ടിന് തീയറ്ററുകളിലെത്തും. ‘ദി വോക്ക്’ എന്ന ടാഗ് ലൈനുമായാണ് സിനിമയുടെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. തരുൺ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഉർവശി തീയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ച ഈ ചിത്രത്തിൽ ലുഖ്മാൻ അവറാൻ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലൻ, റിയ സെയ്റ, ധന്യ, അനന്യ എന്നിവർക്കൊപ്പം മലയാള സിനിമയിലെ ഒട്ടനവധി പ്രഗത്ഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാരാ ചിത്രത്തിൽ ഇത്രയധികം ജൂനിയർ ആർട്ടിസ്റ്റ് അഭിനേതാക്കൾക്ക് കൂടി ശക്തമായ പ്രാധാന്യം നൽകി ഒരു ചിത്രം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കൗതുകകരമായ കാസ്റ്റിങ് വിശേഷങ്ങൾ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരിൽ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേർഡ് മജിസ്ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീന്ദ്രൻ ആണ് ചിത്രത്തിന്‍റെ സഹ നിർമാതാവ്. കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.