മമ്മൂട്ടിയെ ടൈറ്റിൽ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ജോർജ് കൊട്ടാരക്കാൻ എന്ന ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ബയോഗ്രഫി ഓഫ് എ വിജിലൻസ് കോപ്പ് എന്നാണ് ഈ ത്രില്ലർ ചിത്രത്തിൻറെ ടാഗ് ലൈൻ. ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. നിരവധി ഹിറ്റുകളുടെ രചന നിർവ്വഹിച്ചിട്ടുള്ള ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരും മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.