യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാം. ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പുതിയ തീരുമാനം മലയാളി വിദ്യാര്‍ത്ഥികള്‍ക്കടക്കം ആശ്വാസം പകരുന്നതാണ്.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് റഷ്യന്‍ ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ വിദ്യാര്‍ത്ഥികളെ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടമാകാതെ തുടര്‍ പഠനത്തിന് അവസരമൊരുക്കും.
റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. ഇത് സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റഷ്യന്‍ എംബസി അറിയിച്ചു.