ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ 2022-ൽ ഇന്ത്യയിൽ നിർമ്മാണ സൗകര്യം വർദ്ധിപ്പിക്കുമെന്നും രാജ്യത്ത് നിന്ന് ഉപകരണങ്ങൾ കയറ്റുമതി ചെയ്യുമെന്നും അറിയിച്ചു. ഇതിനായി രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപ നിക്ഷേപിക്കാനാണ് വിവോ പദ്ധതിയിടുന്നത്. ഇന്ത്യൻ വിപണിയിൽ കമ്പനി ഇറക്കുമെന്നറിയിച്ചിട്ടുള്ള 7,500 കോടി രൂപയുടെ ഭാഗമാണ് നിക്ഷേപമെന്ന് വിവോ ഇന്ത്യയിലെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടർ പൈഗം ഡാനിഷ് പറഞ്ഞു.
2021 വരെ വിവോ ഇതിനകം 1,900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2023ഓടെ 3,500 കോടി രൂപ നിക്ഷേപിക്കും. ഇവ നിർമ്മാണത്തിൽ മാത്രമുള്ള നിക്ഷേപങ്ങളാണ്. ഗ്രേറ്റർ നോയിഡയിലെ പ്ലാന്റുകളിൽ നിന്ന് മൊബൈൽ ഫോണുകൾക്കായുള്ള എല്ലാ പ്രാദേശിക ആവശ്യങ്ങളും കമ്പനി നിറവേറ്റുന്നുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ള ഹാൻഡ്സെറ്റുകൾ കയറ്റുമതി ചെയ്യാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവോ ഇന്ത്യൻ വിപണിയിൽ 10 കോടി ഉപഭോക്താക്കൾ കടന്നതായും അദ്ദേഹം പറഞ്ഞു. വിവോ ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഉൽപ്പാദന ശേഷി പ്രതിവർഷം 6 കോടിയിൽ നിന്ന് 12 കോടിയായി ഇരട്ടിയാക്കാനും 7,500 കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ജീവനക്കാരുടെ എണ്ണം 40,000 ആക്കാനും ലക്ഷ്യമിടുന്നുണ്ട്. നിർമ്മാണ യൂണിറ്റിലേക്ക് 2023-ഓടെ കമ്പനി 5,000 അധിക ആളുകളെ നിയമിക്കും. വിവോ ഇന്ത്യയുടെ നിർമ്മാണ യൂണിറ്റിൽ നിലവിൽ 10,000 ജീവനക്കാരാണുള്ളത്.