തൈരും മോരും അടക്കം പായ്ക്ക്‌ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും കത്തിയും സ്പൂണും അടക്കം അടുക്കള ഉപകരണങ്ങളുടെയും ജിഎസ്ടി കുത്തനെ ഉയര്‍ത്തിയ കേന്ദ്ര തീരുമാനം രാജ്യത്ത് വിലക്കയറ്റം ഉണ്ടാക്കും.
മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റത്തോത് മേയില്‍ 15.9 ശതമാനമെന്ന റെക്കോഡ് നിരക്കിലാണ്. വരുംമാസങ്ങളിലും വിലക്കയറ്റത്തോത് വര്‍ധിക്കാന്‍ വഴിയൊരുക്കുന്നതാണ് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ ദിവസമെടുത്ത തീരുമാനം. പായ്ക്ക് ചെയ്ത ഇറച്ചി, മീന്‍, തൈര്, മോര്, ലസ്സി, പനീര്‍, ഉണക്കിയ പയറിനങ്ങള്‍, വറുത്ത താമരവിത്ത് (മഖാന), ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍, ഗോതമ്പുപൊടി, ശര്‍ക്കര, പൊരി എന്നീ ഭക്ഷ്യവസ്തുക്കള്‍ക്കും പായ്ക്ക് ചെയ്ത ജൈവവളം, ചകിരിച്ചോറ് കമ്പോസ്റ്റ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ചുശതമാനം ജിഎസ്ടി പുതിയതായി ഈടാക്കും.|
കത്തികള്‍, സ്പൂണ്‍, ഫോര്‍ക്ക് തവി, അരിപ്പതവി, കേക്ക് സെര്‍വറുകള്‍, ഗ്രൈന്‍ഡറുകള്‍ എന്നീ അടുക്കള ഉപകരണങ്ങള്‍, എല്ലായിനം വാട്ടര്‍ പമ്പുകളുടെയും ജിഎസ്ടി നിരക്ക് 12ല്‍നിന്ന് 18 ശതമാനമായി ഉയര്‍ത്തി. പൊടിമില്ലുകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കും സൈക്കിളിന് കാറ്റടിക്കുന്ന പമ്പിനും ബാങ്ക് ചെക്ക് ബുക്കുകളുടെയും ജിഎസ്ടി 18 ശതമാനമാക്കി. പുതിയ നിരക്കുകള്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരും.