ലോകത്തിലെ ഏറ്റവും ധനികനും ടെസ്ല ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവുമായ എലോൺ മസ്ക് നവംബറിൽ 5.7 ബില്യൺ ഡോളർ മൂല്യമുള്ള ടെസ്ല ഓഹരികൾ ചാരിറ്റിക്ക് സംഭാവന നൽകിയതായി റിപ്പോർട്ട്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ ഇന്നലെ പരസ്യമാക്കിയ ഫയലിംഗിലാണ് മസ്കിന്റെ ചാരിറ്റബിൾ സംഭാവന വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം നവംബർ 19 മുതൽ നവംബർ 29 വരെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയത്. കഴിഞ്ഞ വർഷം അവസാനം മസ്ക് 16.4 ബില്യൺ ഡോളർ മൂല്യമുള്ള ടെസ്ല ഓഹരികൾ അഥവാ കമ്പനിയിലെ തന്റെ ഓഹരിയുടെ 10% ഓഫ്ലോഡ് ചെയ്തിരുന്നു. ശതകോടീശ്വരന്മാർ സ്റ്റോക്കുകളിലെ വരുമാനത്തിൽ നിന്ന് നികുതി വെട്ടിപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ശേഷമാണ് ഇത്.
ഏത് ചാരിറ്റിക്കാണ് മസ്ക് സംഭാവന നൽകിയതെന്ന് ഫയലിംഗിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടപാടുകളിൽ ഒരു ട്രസ്റ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തി. 2021-ൽ അസാധാരണമാംവിധം വൻതോതിൽ ഓപ്ഷനുകൾ വിനിയോഗിച്ചതിന്റെ ഫലമായി മസ്കിന് ഇന്റേണൽ റവന്യൂ സർവീസിന് 10 ബില്യൺ ഡോളറിലധികം കടം ഉണ്ടാകുമെന്ന് ഡിസംബറിൽ ബ്ലൂംബെർഗ് കണക്കാക്കിയിട്ടുണ്ട്.