ചെന്നൈയിലെ ശരവണ സ്റ്റോഴ്‌സിന്റെ ആസ്തിസ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. ചെന്നൈയിലെ ശരവണ സ്റ്റോഴ്‌സിന്റെ (ഗോള്‍ഡ് പാലസ്) 234.75 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ഇക്കണോമിക് ഒഫന്‍സസ് വിംഗും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മെയ് 26 നാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യന്‍ ബാങ്കിന്റെ ചെന്നൈയിലെ ടി നഗര്‍ ശാഖയെ കബളിപ്പിക്കുക എന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ പല്ലക്കുദുരൈ, പി സുജാത, വൈ പി ശിരവന്‍ എന്നിവരുള്‍പ്പെടെ സ്റ്റോറിന്റെ ചുമതലക്കാര്‍ രാഷ്ട്രീയക്കാരും മറ്റു സ്വാധീനമുള്ളവരുമായും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.