Home Article ഒരച്ഛൻ പറഞ്ഞ കഥകൾ പുസ്തകത്തിലേക്ക്

ഒരച്ഛൻ പറഞ്ഞ കഥകൾ പുസ്തകത്തിലേക്ക്

614
0

  *ആര്യ നാരായണൻ  


നമ്മുക്കൊരു കഥ കേട്ടാലോ… പഴയകാല ഓർമ്മകളിലേക്ക്…

                               ഞാനും അനുജത്തി റാണയും കുഞ്ഞായിരിക്കുമ്പോൾ ഉറങ്ങാൻ പോകുന്ന നേരത്ത് അച്ഛൻ ഞങ്ങളെ ഇരു കൈത്തണ്ടകളിലും കിടത്തി എന്നും കഥകൾ പറഞ്ഞുതരുമായിരുന്നു. ദീപ്തമായ ഓർമ്മകളാണ് ഞങ്ങൾക്കത്. ഞങ്ങളെ രൂപപ്പെടുത്തിയത് ആ കഥകളായിരുന്നു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ മകൾ റാഗാദ് ഒരിക്കൽ പറഞ്ഞതാണ് ഈ വാക്കുകൾ. അതിസാഹസികവും തിരക്കുപിടിച്ചതുമായ ജീവിതത്തിനിടയിലും മക്കളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയ ഒരു പിതാവ് മക്കളുടെ സ്മരണയിൽ നിൽക്കുന്നത് ഇങ്ങനെയായിരിക്കും.

                    കുട്ടികളെ ഉറക്കാൻ വേണ്ടി അവർക്ക് കഥപറഞ്ഞുകൊടുക്കുന്ന മാതാപിതാക്കൾ ഇന്ന് എത്രയുണ്ടാകുമെന്ന് ഒരന്വേഷണം നടത്തിയാൽ ഉത്തരം നിരാശജനകമായിരിക്കും. തിരക്കുപിടിച്ച, അല്ലെങ്കിൽ ആവശ്യത്തിലധികം തിരക്കുണ്ടാക്കിവെക്കുന്ന ഇക്കാലത്ത് ഒരു ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറിന്റെ അപര്യാപ്തതയെക്കുറിച്ച് പരാതിപറയുന്ന നമ്മളോരോരുത്തരും ഗൗരവമായെടുക്കേണ്ട വിഷയമാണിത്.

      മകൾക്കുവേണ്ടി ഒരച്ഛൻ കേട്ടുപഴകിയ കഥകൾക്ക് പകരം പുതിയ കഥകൾ പറഞ്ഞപ്പോഴുണ്ടായ പുസ്തകമാണ് റിഷ്വിനും ജാൻവിയും. മൂവാറ്റുപുഴ സ്വദേശി ആരോമൽ മിത്ര രചിച്ച പുസ്തകം പുറത്തിറങ്ങുമ്പോൾ കഥകൾ എന്നതിലുപരിയായി വരും തലമുറയോടുള്ള സമീപനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത കൂടി നമ്മളോട് പറയുന്നു.

                       

                 യർവാദ ജയിലിൽ കഴിയുന്ന സന്ദർഭത്തിൽ ജവാഹർലാൽ നെഹ്‌റു തന്റെ മകൾക്കയച്ച കത്തുകൾ നമ്മുടെ മനസ്സിലുള്ള ഒരു പത്തു വയസ്സുകാരിയുടെ വായന നിലവാരത്തിന്റെ അൽപ്പം മുകളിലാണെന്നു കാണാം. ആ മകളുടെ ചിന്തകളുടെ ഉയരമാണ് പിൽക്കാലത്ത് അവരെ ലോകം കണ്ട ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളാക്കി മാറ്റിയത്. കഥകൾ കേട്ടുവളരുന്ന കുട്ടികളുടെ ചിന്താശേഷി ഉയരത്തിലായിരിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെ വേണമെങ്കിൽ കഥാപുസ്തകം വാങ്ങിക്കൊടുത്ത് നിങ്ങൾക്ക് ഒറ്റയ്ക്ക് വായിക്കാനായി വിടാം. എന്നാൽ അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളെ മാതാപിതാക്കൾ അവ വായിച്ചു കേൾപ്പിക്കുകയോ പുസ്തകത്തിൽനിന്നോ ഭാവനയിൽ നിന്നോ പറഞ്ഞുകേൾപ്പിക്കുകയോ ചെയ്യുന്നതുകൊണ്ടുള്ള മൂന്നു പ്രയോജനങ്ങൾ സൈക്കോളജിസ്റ്റും അദ്ധ്യാപികയുമായ കൊളെറ്റ് സ്‌മാർട്ടിന്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്.ഒന്ന്, അവരുടെ ഭാവനകൾ വേരുറയ്ക്കുന്നതിനെ യാഥാർത്ഥ്യബോധത്തിന്റെ വെളിച്ചത്തിൽ സ്വാധീനിക്കാൻ കഴിയുന്നു. രണ്ട്, ഭാഷാപ്രയോഗം മെച്ചപ്പെടുന്നു. മൂന്ന്, ജിജ്ഞാസയെ വിടാതെ പിന്തുടരുന്നു. സംശയം ചോദിച്ചാൽ ഉത്തരം അച്ഛനോ അമ്മയോ കൂടെയുണ്ട് എന്ന ധൈര്യമായിരിക്കാം ചോദ്യങ്ങൾ ചോദിക്കാൻ അവർക്കു ധൈര്യം കൊടുക്കുന്നത്. സ്വയം വായിച്ച് മനോരഥങ്ങളിൽ സഞ്ചരിക്കാനുള്ള സങ്കൽപങ്ങൾ രൂപപ്പെടുന്നതിനുമുമ്പുതന്നെ അതിന്റെ പാതയെ കഥ പറയുന്നയാൾക്ക് സ്വാധീനിക്കാൻ കഴിയും. കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും ക്ഷമയോടെ അവരെ പിന്തുടർന്നുകൊണ്ടേയിരിക്കണം.

       

                കോതമംഗലം മാർ അത്തനേഷ്യസ് സ്കൂളിൽ മൂന്നാം തരത്തിൽ പഠിക്കുന്ന മകൾ ഗൗരിക്കൊപ്പം ചെലവഴിക്കുന്ന നേരത്തെ ആരോമൽ പറഞ്ഞിരുന്ന കഥകളിൽ ദിവസങ്ങൾ കഴിയുന്തോറും പുതിയ പുതിയ കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്തു. പരിണാമപ്രക്രിയയുടെ ഫലമെന്നു പറയാവുന്നവണ്ണം ഗ്രാഹ്യശേഷി വർദ്ധിച്ചിട്ടുള്ള പുതിയ തലമുറയ്ക്ക് പണ്ടുനമ്മൾ കേട്ടിരുന്ന മുതലയുടെയും കുരങ്ങച്ചന്റെയും കഥകളൊക്കെ വേഗം മടുക്കും. അവരുടെ ബുദ്ധിക്കൊപ്പം കഥാഗതി മുന്നോട്ടു പോകണമെന്നത് ഒരു വെല്ലുവിളിയായി സ്വീകരിച്ചപ്പോൾ പുതിയ കഥാപാത്രങ്ങൾക്കൊപ്പം ആധുനികസങ്കേതങ്ങളുമെല്ലാം അനുദിനം എത്തിച്ചേർന്നു. ഈ വീട്ടുവിശേഷം സുഹൃത്തുക്കളുമായി പങ്കുവെച്ച ഒരു വേളയിലാണ് അവരുടെ നിർദ്ദേശപ്രകാരം ഇതെല്ലാം ചേർത്ത് എന്തുകൊണ്ട് ഒരു പുസ്തകമാക്കിക്കൂടാ എന്ന ആശയം ഉദിക്കുന്നു. അങ്ങനെ റിഷ്വിനും ജാൻവിയും അച്ചടിയിലെത്തി. ഇതിനോടകംതന്നെ ഒട്ടനവധി അഭിനന്ദനങ്ങളാണ് കഥാകാരനെ തേടിയെത്തിയത്. 

       

             ടാസ്‌നോവിയുടെ മഹത്തായ രക്ഷപ്പെടൽ, മുയലും കേക്കും പിന്നെ ഒരു വിരുന്നും,  ഫുട്ബോൾ ജ്വരം, ബീച്ചിലെ വിനോദം, സൂപ്പർഹീറോകൾ, കുട്ടിയും അവന്റെ നായയും,കോട്ടയിലെ നിഗൂഢത,ചെളി നിറഞ്ഞ ഓട്ടം, സ്‌കൂളിലെ ഭൂതം,മിസ്റ്ററി ഡ്രോൺ,എസ്എസ് സംഘത്തെ തകർക്കുന്നു  ഇങ്ങനെ പതിനൊന്ന് കഥകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ പദസമ്പത്തിനും പ്രാധാന്യം നൽകികൊണ്ടുള്ള രചനാരീതി മികവ് പുലർത്തിയിരിക്കുന്നു. റിഷ്വിനും ജാൻവിയും ഒരു പുസ്തകത്തിൽ ഒതുങ്ങുന്നില്ല. കൂടുതൽ കഥകൾ പണിപ്പുരയിലാണ്.

         ടോം സോയർ ആൻഡ് ഹക്കിൽ ബെറി ഫിൻ, ഡേവിഡ് കോപ്പർ ഫീൽഡ് തുടങ്ങിയ ക്ലാസിക്കുകൾ മുതൽ പ്രാദേശിക ഭാഷയിലുള്ള വിന്റേജ് കോമിക്കുകൾ വരെ നമ്മളെയും ബാല്യത്തിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ ഭാഷാപോഷണവും നീതിബോധവും ശാസ്ത്രീയ- സാങ്കേതിക ജ്ഞാന സമ്പാദനവുമെല്ലാം ബാലസാഹിത്യോദ്യമം മലയാളത്തിൽ ആദ്യമായിട്ടാണ്. 

       പുസ്തകത്തിന്റെ പ്രചാരത്തിനൊപ്പം മക്കൾക്ക് കഥകൾ പറഞ്ഞുകൊടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഒരു പദ്ധതികൂടിയാണ് ഇതെന്ന് ആരോമൽ മിത്ര പറയുന്നു. കുട്ടികളെക്കൊണ്ട് കഥകൾ എഴുതുക, അവരുടെ സർഗ്ഗാത്മകശേഷി കണ്ടെത്തുക തുടങ്ങി പലതും ലക്ഷ്യമാക്കുന്ന ഒരു കമ്യൂണിറ്റി രൂപീകരിച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ എറണാകുളം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

    വിശ്വപ്രശസ്ത അമേരിക്കൻ സാഹിത്യ നിരൂപക ബാർബർ ജോൺസൺ പറഞ്ഞതു പോലെ മക്കളുടെ മനസ്സിൽ നാളെ നിങ്ങൾ ഉണ്ടാകണമെങ്കിൽ നിങ്ങൾ ഇന്ന് അവരോടൊപ്പം ഉണ്ടായിരിക്കുക. ആരോമലിന്റെ റിഷ്വിനും ജാൻവിക്കുമൊപ്പം നമ്മുടെ മക്കളും ചേരട്ടെ വരുംനാളുകളിൽ. www.storeezo.com വെബ്സൈറ്റിൽ റിഷ്വിനെയും ജാൻവിയെയും സന്ദർശിക്കാം. ആമസോണിന്റെ ഈ ലിങ്കിൽ പുസ്തകം വാങ്ങാം https://amzn.eu/d/3uf0VVV   കഥകൾ അവസാനിക്കുന്നില്ല . അവയ്ക്ക് അന്ത്യമില്ലല്ലോ.

Previous articleഅദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജി 17 ന് സുപ്രീംകോടതി പരിഗണിക്കും
Next articleചാമ്പ്യൻസ് ലീഗ്: പിഎസ്ജിക്കെതിരെ ബയേൺ മ്യൂണിക്കിന്  ജയം